Tuesday, September 6, 2011

ആയുര്‍വേദവും ആധുനികവൈദ്യവും

ഇതൊരു പഴയ തര്‍ക്കവിഷയമാണ്...  വീണ്ടും  ഇവിടെ വീണ്ടും ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു... ഇതൊരു അഭിപ്രായമായി അവിടെ ഇടാന്‍ ശ്രമിച്ചു, പക്ഷേ, പറ്റിയില്ല...


ഇവിടെ ചില പദങ്ങള്‍ ആപേക്ഷികമായി ഉപയോഗിക്കപ്പെടുന്നു - ശുദ്ധം, വൈദഗ്ദ്ധ്യം എന്നിവ ഉദാഹരണം.  ഇവയെ ഈ വിഷയത്തില്‍ നിര്‍വചിച്ചു നോക്കാം:

ശുദ്ധം: ആദ്യ ആയുര്‍വേദ ഗ്രന്ഥത്തില്‍ ഉണ്ടായിരുന്നത്, അല്ലെങ്കില്‍ ആയുര്‍വേദം മാത്രം അറിയുന്ന ഒരാള്‍ കൂട്ടിചേര്‍ത്തത്
വൈദഗ്ദ്ധ്യം: ഇതുവരെ ഉള്ള അറിവിന്റെ വെളിച്ചത്തില്‍ പുതിയൊരു രോഗിയുടെ രോഗനിര്‍ണ്ണയം ചെയ്യാനുള്ള കഴിവ്

ഇതില്‍ പറഞ്ഞ പ്രകാരം ആണ് ശുദ്ധത്തിന്റെ നിര്‍വചനം എങ്കില്‍ അത് ആയുര്‍വേദത്തെ തളര്‍ത്തുക മാത്രമേ ചെയ്യുകയുള്ളൂ.  കാരണം:
1) പുതിയ സാഹചര്യങ്ങളില്‍ വളര്‍ന്ന് വരുന്ന പുതിയ രോഗാവസ്ഥകളെ പഴയ പുസ്തകങ്ങളില്‍ തിരഞ്ഞു ഉള്ളതില്‍ കൊള്ളാവുന്ന ഒരു ചികിത്സ നടത്തേണ്ടി വരും
2) "ആയുര്‍വേദം മാത്രം അറിയാവുന്ന ഒരാള്‍" ഇനി ഉണ്ടാവാന്‍ സാധ്യത കൂറവാണ് - അതുകൊണ്ടു പുതിയ കണ്ടെത്തലുകള്‍ അവസാനിക്കും, പക്ഷേ പഴയ നഷ്ടപ്പെട്ടുകൊണ്ടുമിരിക്കും
3) ഓരോ വിദ്യാര്‍ഥിയും വ്യതസ്ത രീതികളില്‍ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് കൊണ്ട് ശാസ്ത്രത്തെക്കാള്‍ വൈദ്യനു പ്രധാന്യം ലഭിച്ചു തുടങ്ങും
......

അതുപോലെ ആണ് വൈദഗ്ദ്ധ്യവും.  അറിയാവുന്നിടത്തോളം, ഇന്ന് ആയുര്‍വേദത്തില്‍ ഒരു ചികിത്സാവിവരകൈമാറ്റം നടക്കുന്നില്ല.  ആധുനിക വൈദ്യശാസ്ത്രത്തിലെ ഗവേഷണങ്ങളെപ്പോലെയോ പഠനങ്ങളെപ്പോലെയോ ഒരു ഏകോപിത പ്രവര്‍ത്തനവും ആയുര്‍വേദത്തില്‍ നടക്കുന്നില്ല.  ഇത് മാറാത്തിടത്തോളം ഒരു ചികിത്സകന്‍റെ വൈദഗ്ദ്ധ്യം ആ വ്യക്തിയില്‍ മാത്രമായി ചുരുങ്ങും. 

ആധുനിക വൈദ്യശാസ്ത്രം മറ്റ് ശാസ്ത്ര ശാഖകളില്‍ നിന്നു ഉള്ളിടല്‍ (inputs) സ്വീകരിക്കുന്നത് പോലെ ആയുര്‍വേദത്തിനും ചെയ്യാവുന്നതേയുള്ളൂ. ആയുര്‍വേദപ്രകാരം ഉള്ള ചികില്‍സാനിര്‍ണയത്തിന് ആവശ്യമുള്ള പുതിയ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ആവാം. 

ഓര്‍ക്കുക: ഇന്നത്തെ ആധുനിക ശാസ്ത്ര വൈദ്യന്‍മാര്‍ ഹിപ്പോക്രറ്റ്സിനെക്കാള്‍ എത്രയോ പുരോഗമിച്ചിരിക്കുന്നു, പക്ഷേ ചരകനോളമോ സുശ്രുതനോളമോ പോന്ന എത്ര ആയുര്‍വേദ വൈദ്യന്‍മാര്‍ നമുക്കുണ്ട്?
ആയുര്‍വേദത്തെ ഒരു ആധുനിക ആയുര്‍വേദം ആക്കുക എന്നതാവണം ലക്ഷ്യം.  അത് ചെയ്യാതെ ഏതാനും ഉദാഹരണങ്ങളെ സാമാന്യവത്കരിച്ചു വാദപ്രതിവാദങ്ങള്‍ നടത്തിക്കൊണ്ടിരുന്നാല്‍ അത് വെറും സമയം കൊല്ലല്‍ ആയിപ്പോകും.  ആയുര്‍വേദത്തെ അത് സഹായിക്കുകയില്ല...

(ഞാന്‍ ഉദ്ദേശിച്ച 'ആധുനികത്തിന്റെ' നിര്‍വചനം: കാലികവും, യുക്തിഭദ്രവും, വിവരകൈമാറ്റം നടക്കുന്നതും ആയത്
1) കാലികം: കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളതു
2) യുക്തിഭദ്രം: പുതിയ ഒരു അറിവിന്റെ വെളിച്ചത്തില്‍ പഴയ ഒരു വിശ്വാസം തെറ്റാണെന്നു തെളിഞ്ഞാല്‍ അത് തിരുത്തുവാനുള്ള കഴിവുള്ളതു
3) വിവരകൈമാറ്റം നടക്കുന്നത്: ഇന്ന് നിലവിലുള്ള ഏത് അറിവും ഗുണകരമായി ഉപയോഗിക്കപ്പെടുകയും വ്യക്തികളുടെ അറിവുകള്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നത്)