Saturday, December 10, 2011

പൊറോട്ടയും പ്രമേഹവും

ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായി കൊണ്ടാടപ്പെടുന്ന ഒന്നാണ് പൊറോട്ട-പ്രേരിത-പ്രമേഹം (porotta induced diabetes).  ഇതിന്റെ ശാസ്ത്രീയ വശത്തെക്കുറിച്ച് ഒന്നു ആലോചിച്ചു നോക്കാം...

ആദ്യമായി പൊറോട്ട പ്രമേഹം വരുത്തുന്നു എന്നതിന് പറയപ്പെടുന്ന കാരണങ്ങള്‍ എന്തെല്ലാം എന്നു പരിശോധിക്കാം:

A1. മൈദ നിര്‍മാണത്തില്‍ അല്ലോക്സാന്‍ (Alloxan) എന്ന രാസവസ്തു ഉപയോഗിക്കപ്പെടുന്നുണ്ട്.
A2. ഈ രാസവസ്തു പരീക്ഷണ ശാലകളില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങളെ നശിപ്പിച്ചു പ്രമേഹം ഉണ്ടാക്കുവാന്‍ എലികളില്‍ കുത്തിവെയ്ക്കപ്പെടുന്നുണ്ട്

A3. മൈദയില്‍ നിര്‍മ്മിക്കുന്ന പൊറോട്ടയിലൂടെ മനുഷ്യ ശരീരത്തില്‍ എത്തുന്ന അല്ലോക്സാന്‍ അല്‍പാല്‍പമായി ബീറ്റ കോശങ്ങളെ നശിപ്പിച്ചു പ്രമഹം വരുത്തുന്നു

ഇതിന് ഉപോത്ബലകമായി പറയപ്പെടുന്ന തെളിവുകള്‍:
B1. പൊറോട്ട ധാരാളം കഴിക്കുന്ന ജനങ്ങള്‍ക്കിടയില്‍ പ്രമേഹം കൂടുതലായി കാണപ്പെടുന്നു


ഇനി ഇതിന്റെ ശരി-തെറ്റുകള്‍ പരിശോധിക്കാം:

A1, A2 എന്നീ വസ്തുതകള്‍ പൂര്‍ണമായി ശരിയാണ്, എന്നാല്‍ ഇന്ന്, A3 വെറുമൊരു സങ്കല്‍പം (hypothesis) മാത്രമാണ്.   A1, A2 എന്നിവയെ A3 യുമായി ബന്ധിപ്പിക്കാന്‍ B1 എന്ന തെളിവ് മതിയാകില്ല എന്നതാണു വാസ്തവം.  ഇത് മനസ്സിലാക്കാന്‍ നമുക്ക് വേറെ ചില വസ്തുതകള്‍ പരിശോധിക്കേണ്ടിവരും.  അവ താഴെ കൊടുക്കുന്നു:

C1. പ്രമേഹം: ശരീരത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഫലപ്രദമായി തുലനാവസ്ഥയില്‍ നിലനിര്‍ത്താനുള്ള കഴിവ് തല്‍കാലികമായോ സ്ഥിരമായോ നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രമേഹം എന്ന പൊതു പേരില്‍ അറിയപ്പെടുന്നത്.  പ്രമേഹം പ്രധാനമായും മൂന്നു തരത്തില്‍ കാണപ്പെടുന്നു:

C1-a. പ്രമേഹം തരം 1 (type 1 diabetes, T1D):  ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടാത്ത അവസ്ഥ (ഇത് പല കാരണങ്ങള്‍ കൊണ്ടാകാം, A3 യില്‍ പറഞ്ഞ ബീറ്റ കോശങ്ങളുടെ നാശവും ഒരു കാരണം ആണ്.) ഇതിന് പ്രധാന ചികില്‍സ ഇന്‍സുലിന്‍ കുത്തിവെയ്പാണു.  ഇത് വളരെ കുറവായി മാത്രമേ കാണപ്പെടുന്നുള്ളൂ (ഏകദേശം 5% പ്രമേഹ രോഗികള്‍ ഈ തരത്തില്‍പ്പെടുന്നു)
C1-b. പ്രമേഹം തരം 2 (type 2 diabetes, T2D):  ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കപ്പെടാത്ത അവസ്ഥ (ഇതിനെ ഇന്‍സുലിന്‍ പ്രതിരോധം (insulin resistance) എന്നു പറയുന്നു.  ഇതും പല കാരങ്ങള്‍ കൊണ്ട് ഉണ്ടാകാം).  ചിലപ്പോള്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനൊപ്പം ഇന്‍സുലിന്‍ കുറവും (insulin deficiency) ഉണ്ടാകാം.  ഇത് പ്രധാനമായും (ഇന്‍സുലിന്‍ അല്ലാത്ത) മരുന്നുകള്‍ ഉപയോഗിച്ചാണ് ചികിത്സിക്കപ്പെടുന്നത്.  ഇത്തരം പ്രമേഹം ആണ് കൂടുതലായി കാണപ്പെടുന്നത് (ഏകദേശം 95%)

C1-സി. ഗര്‍ഭകാല പ്രമേഹം (gestational diabetes):  ഗര്‍ഭിണികളില്‍ കാണപ്പെടുന്ന പ്രമേഹം - ഇത് പലപ്പോഴും പ്രസവശേഷം മാറാറുണ്ട്, എന്നാല്‍ ചിലപ്പോള്‍ T2D ആയി നിലനില്‍ക്കാറുമുണ്ട്.


D1.  ഇനി നമുക്ക് പൊറോട്ട-പ്രേരിത-പ്രമേഹത്തെ പറ്റി ഒന്നുകൂടി ചിന്തിച്ചുനോക്കാം...

D1-1.  A1 & A2 പ്രകാരം പൊറോട്ട പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് അതിലുള്ള അലോക്സാന്‍ ബീറ്റ കോശങ്ങളെ നശിപ്പിക്കുന്നത് വഴിയാണ്
D1-2.  ഇത് ശരിയാണെങ്കില്‍ പൊറോട്ട മൂലമുണ്ടാകുന്ന പ്രമേഹം T1D ആയിരിയ്ക്കും.  C1-a യില്‍ പറഞ്ഞത് പ്രകാരം ഇത്തരം പ്രമേഹം വളരെ കുറവായി കാണപ്പെടുന്നതും പ്രധാനമായും ഇന്‍സുലിന്‍ കുത്തിവയ്ച്ച് ചികിത്സിക്കപ്പെടുന്നതും ആണ്. 

എന്നാല്‍ കേരളത്തില്‍ ഇന്ന് നിലവിലുള്ള പ്രമേഹ രോഗികളില്‍ ഭൂരിഭാഗവും ഈ തരത്തില്‍പ്പെട്ടവരല്ല!  മറിച്ചു, T2D വിഭാഗത്തില്‍പ്പെടുന്നവരാണ്.  അതായത് പൊറോട്ട പ്രമേഹത്തിന് കാരണമാവുന്നു എന്നതിന് B1-ഇല്‍ പറഞ്ഞ തെളിവ് മതിയാവില്ല എന്നര്‍ത്ഥം.

D2.  ഇനി A2 ഉം A3 ഉം തമ്മിലുള്ള ബന്ധത്തെപ്പറ്റി പരിശോധിക്കാം:
D2-1.  ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ക്കനുസരിച്ച് അല്ലോക്സാന്‍ മനുഷ്യ ശരീരത്തിലെ ബീറ്റ കോശങ്ങളെ നശിപ്പിക്കുകയില്ല.

D2-2.  അലൊക്സാന്‍ ഉപയോഗിക്കുന്നത് എലികളില്‍ T1D ഉണ്ടാക്കുവാനാണ്, അല്ലാതെ T2D ഉണ്ടാക്കുവാനല്ല
അതായത്, കേരളത്തിലെ T2D യും പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന മൈദ ഉണ്ടാക്കുമ്പോള്‍ ഉപയോഗിയ്ക്കുന്ന ചെറിയ ഒരംശം അലോക്സാനും  തമ്മില്‍ പ്രത്യേകിച്ചൊരു ബന്ധവും ഇല്ല.


പക്ഷേ, ഈ ആരോപണം പഠിക്കപ്പെടേണ്ടതു തന്നെയാണ്.  അത് ഇപ്പോള്‍ നടക്കുന്നതു പോലെ ആളുകളെ ശാസ്ത്രത്തിന്റെ പേരില്‍ ഭയപ്പെടുത്തിക്കൊണ്ടാവരുത് എന്നു മാത്രം.  ആധുനിക വൈദ്യ ശാസ്ത്രം അനുവര്‍ത്തിക്കുന്ന ഗവേഷണ രീതിശാസ്ത്ര (research methodology) പ്രകാരം ഒരു പഠനം നടത്തി വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ആരോഗ്യ വകുപ്പ് മുന്‍കൈയെടുത്താല്‍ നന്നായിരിക്കും.



അധികവായനക്ക്:

മൈദ അപകടകാരിയോ? (ലഘുലേഘ):  http://www.scribd.com/doc/68883514/Maida-White-Flour-Notice

രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട:  http://medicineatboolokam.blogspot.com/2011/10/blog-post.html

പ്രമേഹത്തെപ്പറ്റിയുള്ള വികിപീഡിയ ലേഖനം (English): http://en.wikipedia.org/wiki/Diabetes_mellitus

അലോക്സാനെപ്പറ്റിയുള്ള വികിപീഡിയ ലേഖനം (English): http://en.wikipedia.org/wiki/Alloxan


5 comments:

  1. പക്ഷേ, ഈ ആരോപണം പഠിക്കപ്പെടേണ്ടതു തന്നെയാണ്. അത് ഇപ്പോള്‍ നടക്കുന്നതു പോലെ ആളുകളെ ശാസ്ത്രത്തിന്റെ പേരില്‍ ഭയപ്പെടുത്തിക്കൊണ്ടാവരുത് എന്നു മാത്രം. ആധുനിക വൈദ്യ ശാസ്ത്രം അനുവര്‍ത്തിക്കുന്ന ഗവേഷണ രീതിശാസ്ത്ര (research methodology) പ്രകാരം ഒരു പഠനം നടത്തി വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ആരോഗ്യ വകുപ്പ് മുന്‍കൈയെടുത്താല്‍ നന്നായിരിക്കും

    ReplyDelete
  2. അഭിനന്ദനങ്ങൾ രാമചന്ദ്രൻ..വളരെ ഭംഗിയായും വെടിപ്പായും കാര്യങ്ങൾ പറഞ്ഞിരിക്കുന്നു.ഇത്രയേ പറയേണ്ടതുള്ളൂ.പ്രക്ര് തി ജീവനക്കാരുടേയും സൂരജിനെപ്പോലുള്ളവരുടേയും വിരുദ്ധധ്രുവങ്ങളിലുള്ള അതിവാദങ്ങൾ ഒരു പോലെ വെറുപ്പുളവാക്കുന്നതാണെന്നു പറയാതെ വയ്യ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കെബീര്‍... അഭിപ്രായത്തിന് നന്ദി...

    ReplyDelete